ഇതെന്തൊരു നാടാണ്!
ഇതെന്തൊരു നാടാണ്!
===
ജോർജ് പുല്ലാട്ട്
===
1. കേരളത്തിൽ പതിനൊന്ന് വയസുള്ള പെൺകുട്ടി പ്രസവിച്ചു എന്നു വാർത്ത. അവളുടെ സഹോദരൻ പതിനാറു വയസുകാരനാണത്രെ ആ ഗർഭത്തിന് ഉത്തരവാദി . അവളുടെ ഉദരത്തിലൊരു കുഞ്ഞു വളരുന്നതായി അവൾ പോലും അറിഞ്ഞിരുന്നില്ല എന്നും വീട്ടുകാർ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി എന്നും വാർത്തയിലുണ്ട്. ദൈവമേ!! എന്നു നമ്മൾ വിളിച്ചുപോകും. അവരുടെ മാതാപിതാക്കൾക്ക് ആ കുഞ്ഞ് ആരാണ്? മകളുടെയും മകന്റെയും കുഞ്ഞ് ! രേഖകളിൽ ആ കുഞ്ഞിന്റെ ഐഡന്റിറ്റി എന്താണ്? ദൈവമേ, എന്തൊരു നാടാണിത്!
സ്വന്തം പിതാവിൽ നിന്ന് ഗർഭിണിയായ ഒരു കുട്ടിയുടെ കാര്യവും നമ്മൾ ഞെട്ടലോടെ കേട്ടു. പെൺകുട്ടിക്കും അവൾ പെറ്റ കുഞ്ഞിനും ഒരേ പിതാവ്. എന്തൊരു നാടാണിത്.!
"The Kerala High Court on Thursday issued an important direction in the case of a 10-year-old girl who got pregnant from her own father in Kerala. In fact, the court has directed the medical board to take a proper decision on the medical termination of pregnancy.11-Mar-2022
'KANHANGAD: Hosdurg police on Saturday arrested a man for sexually abusing and impregnating his 17-year-old daughter. The girl is two-and-a-half-month pregnant and is admitted to Kannur Government Medical College Hospital in Pariyaram.
2. വിൻസെന്റ്, ബാബു എന്നീ സുഹൃത്തുക്കളോടൊപ്പം,ന്യൂ യോർക്ക് മുതൽ ഹൂസ്റ്റൻ വരെ, മൂവായിരത്തോളം കിലോമീറ്റർ ഞാൻ ഒരിക്കൽ കാറിൽ യാത്ര ചെയ്തു. ഒരു കുഴിയിലോ മുഴയിലോ വണ്ടി ചാടിയില്ല. ചുമ്മാ ഓടിക്കൊണ്ടിരുന്നു, അല്ല ഒഴുകിക്കൊണ്ടിരുന്നു. യാത്ര ചെയ്ത ഏതാണ്ടെല്ലാ വിദേശ രാജ്യങ്ങളിലും ഇങ്ങനെ ആയിരുന്നു റോഡുകൾ.
കേരളത്തിൽ എങ്ങനെയാണ്? ഞാൻ താമസിക്കുന്ന മരടിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇടറോഡുകളിൽ മാത്രം ഏതാണ്ട് നൂറ് ഹമ്പുകൾ ഉണ്ട്. ഇരുന്നൂറ് മീറ്ററിനുള്ളിൽ ആറു ഹമ്പുകളുണ്ട് എന്നു പറഞ്ഞാൽ വിശ്വാസം വരാത്തവർക്ക് ഇവിടെ വന്നു നേരിട്ടു കാണാം. ദിവസം ആയിരം വണ്ടികളോടുന്ന പ്രധാന വഴിയിലേക്ക്, അഞ്ചോ പത്തോ ആളുകൾ മാത്രം വന്നുചേരുന്ന കൊച്ചു വഴികൾ. അവിടെയെല്ലാം പ്രധാന പാതയിലാണ് ഹമ്പുകൾ. എന്തിനാണ്? ചെറുവഴികളിൽ കൂടി വരുന്ന പത്തു പേരെ രക്ഷിക്കാൻ ആണെന്നാണ് ന്യായം.
പത്തു പേരുടെ രക്ഷയ്ക്ക് വേണ്ടി ആയിരം പേരാണ് ചാടി നടുവൊടിക്കേണ്ടത്. വണ്ടി പൊളിക്കേണ്ടത് . ഇതാണിവിടത്തെ റോഡ്പണി സംസ്കാരം. സുഗമമായ യാത്രയ്ക്കാണ് നല്ല റോഡുകൾ ഉണ്ടാകേണ്ടത്. ഇവിടത്തെ മിക്ക റോഡുകളും കണ്ടാൽ, യാത്രക്കാരുടെ നടുവൊടിക്കുകയാണ് റോഡ് പണിയുടെ ലക്ഷ്യമെന്നു തോന്നും. എന്തൊരു നാടാണിത്!
3. ഇന്ത്യയുടെ ഭരണഘടന പാവപ്പെട്ടവനെ കൊള്ളയടിക്കുന്നതും ദ്രോഹിക്കുന്നതുമാണെന്ന് ഇവിടെയൊരു മന്ത്രി പറഞ്ഞു. വ്യാപകമായി പ്രതിഷേധവും ആക്ഷേപവും ഉയർന്നു. ഭരണ ഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് എം എൽ എ യും പിന്നെ മന്ത്രിയും ആയ ഒരാൾ ഭരണഘടനയെ ആക്ഷേപിക്കുന്ന രീതിയിൽ, നിയമസഭയിൽത്തന്നെ പരസ്യമായി പ്രസംഗിക്കുന്നു. അതു തെറ്റാണെന്ന് പരക്കെ ആക്ഷേപമുയർന്നപ്പോൾ അയാൾ രാജി വെക്കുന്നു. അതായത് കുറ്റം സമ്മതിക്കുന്നു.
അയാളുടെ രാജിയിൽ തീരേണ്ടതാണോ ഈ ഭരണ ഘടനാ അധിക്ഷേപമെന്ന കുറ്റം? ഒരു നിയമലംഘനം നടത്തിയാൽ അതു കുറ്റമാണ്. കുറ്റത്തിന് ശിക്ഷിക്കപ്പെടേണ്ടതാണ്. ഒന്നും സംഭവിച്ചിട്ടില്ല . എന്തൊരു നാടാണിത് !
4. പൊതുസ്ഥലങ്ങളിലും വഴിയോരത്തും പുഴകളിലും തോന്നുംപടിതോന്ന്യാസം മാലിന്യം വലിച്ചെറിയുന്ന ഒരു ജനത കേരളത്തിൽ മാത്രമേ കാണൂ. വി8ദേശ രാജ്യങ്ങളിൽ, മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിരിക്കുന്ന സ്ഥലത്തല്ലാതെ ഒരിടത്തും ഒരു മിഠായിക്കടലാസ് പോലും കാണില്ല. പൊലീസ് പിടിക്കുമെന്നോ പിഴയടിക്കുമെന്നോ പേടിച്ചിട്ടല്ല അവിടെ ജനം ഒന്നും വലിച്ചെറിയാത്തത്. അപരനോടും സ്വന്തം പ്രകൃതിയോടും പരിസ്ഥിതിയോടും ഒരു സ്നേഹവും കരുതലും അവരുടെ ഉള്ളിലുള്ളതുകൊണ്ടാണ്. അതവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമായതു കൊണ്ടാണ്.
ഇവിടെ മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിലൂടെ ദിവസവും യാത്ര ചെയ്യുന്ന മന്ത്രിമാർക്കും ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഇതൊക്കെ കണ്ടിട്ട് ഉള്ളു പൊള്ളാറില്ലേ? ഒന്നും ചെയ്യാനില്ലേ? എന്തൊരു നാടാണിത്!
5. ഹിറോഷിമയിൽ ബോംബ് വീണത് പോലെ തന്നെ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ഈയിടെ തലസ്ഥാനത്തൊരു ബോംബ് വീണത്.
അന്ന് തന്നെ പാലക്കാട്ടുള്ള ഒരു ആശുപത്രിയിൽ നിന്ന് ഒരു നവജാത ശിശുവിനെ ആരോ തട്ടിക്കൊണ്ടു പോയി. ഇരുപത്തിനാലു മണിക്കൂറിനകം കേരള പോലിസ് തമിഴ്‌നാട്ടിലെ വിദൂര നാട്ടിൻപുറത്തു നിന്ന് കുഞ്ഞിനെ വീണ്ടെടുത്തു. തട്ടിക്കൊണ്ടു പോയ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. അതാണ് നമ്മുടെ പൊലീസ്.
വേണ്ടത്ര സി സി ടി വി ക്യാമറകളുടെ നോട്ടത്തിലും കാവൽക്കാരുടെ സരക്ഷണത്തിലും നിൽക്കുന്ന സ്ഥലത്ത് ബോംബ് എറിഞ്ഞവനെ കണ്ടു പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആ.. മോൻ എത്ര കാഞ്ഞവനായിരിക്കും, അല്ലേ! സ്കൂട്ടറിൽ വന്ന അക്രമിയുടെ ചിത്രം വ്യക്തമല്ല എന്നതാണ് കാരണം. കഷ്ടം എന്നല്ലാതെ എന്തു പറയും? ആളുകൾ ഞെട്ടി വിറയ്ക്കുകയും കയ്യിലെ പാത്രം താഴെവീഴുകയും ചെയ്യുന്ന വിധത്തിൽ മഹാ സ്ഫോടനം ഉണ്ടാക്കിയ ബീഡി പ്പടക്കം എറിയുകയും ഒരു ക്യാമറയിൽ പതിയാത്ത വിധം രക്ഷപെടുകയും ചെയ്ത പാവം ക്രൂരനെ ഓർത്ത് നമ്മൾ അത്ഭുതപ്പെട്ടു പോകുന്നു. ലവനെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ല എന്ന നിലപാടിലെത്തി പൊലീസ് എന്നു തോന്നുന്നു. അവിടെ വീണത് ബീഡിക്കുറ്റിയാണോ തീപ്പെട്ടിക്കൊള്ളിയാണോ എന്നറിയാൻ ജനം കാത്തിരിക്കുന്നു.
6. കോടതിയുടെയും മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ഗൗരവമേറിയ പരിഗണനയിലും താല്പര്യത്തിലും സംവാദത്തിലും വിവാദത്തിലും ഇരിക്കുന്ന ഒരു കേസിൽ, കുറ്റാരോപിതനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഫോണിലും കടലാസിലും കൃത്രിമം കാണിച്ചുവെന്നുമൊക്കെ, മുപ്പത്താറു വർഷം തോളത്തു നക്ഷത്രം വെച്ചു നടന്ന ഒരു ഐ പി എസ് കാരി പറഞ്ഞാൽ അവർക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് എടുക്കണ്ടേ? അവരുടെ ഭാവനയ്ക്കനുസരിച്ചാണോ നമ്മുടെ കോടതിയും പോലീസും നീങ്ങേണ്ടത്? അവരുടെ ഐ പി എസ് സേവനകാലത്ത് ഏതെങ്കിലും നിർണ്ണായകമായ കേസിൽ അവരുടെ ഇടപെടൽ ഉണ്ടായതായി കേട്ടിട്ടില്ല. എന്നിട്ടും ഇത്ര പ്രമാദമായ ഒരു കേസിൽ അവർ പോലീസിനെയും കോടതിയെയും കുറ്റപ്പെടുത്തുന്നു. കുറ്റാരോപിതനെ ന്യായീകരിക്കുന്നു. സാമൂഹ്യ പ്രവർത്തകയെന്ന ലേബലിൽ കൂടി അറിയപ്പെടുന്ന അവർ ഇരയാക്കപ്പെട്ട വനിതയോട് ഒട്ടും അനുഭാവമോ സഹതാപമോ കാണിച്ചിട്ടുമില്ല. എന്തൊരു നാടാണിത്?
7. നയതന്ത്ര സ്വർണ്ണക്കടത്തു കേസിൽ പ്രതിയായതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഏതാനും മാസങ്ങൾക്കുള്ളിൽ അതേ ജോലിയിൽ തിരിച്ചെത്തി. ശമ്പളവും മറ്റും കുടിശികയോടെ പുള്ളിക്ക് കിട്ടി . പക്ഷേ കേസ് ഇപ്പോഴും നടക്കുന്നുണ്ട് . ഒരു ജോലിയും ചെയ്യാതെ അയാൾ വീട്ടിലിരുന്ന മാസങ്ങൾക്കും അയാൾക്ക് ശമ്പളം നഷ്ടമായില്ല. എന്തൊരു സുഖം! എന്തിനാണ് അയാളെ സസ്പെൻഡ് ചെയ്തത്? കുറ്റം ചെയ്തെന്നു പ്രഥമ ദൃഷ്ടിയാ തോന്നിയിട്ട്. എന്തിനാണയാളെ തിരിച്ചെടുത്തത് ? കുറ്റം ചെയ്തില്ലെന്നു തോന്നിയിട്ട്.. കേസ് നടക്കുന്നുണ്ടെന്നു പറയുന്നു. ആർക്കറിയാം. എന്തൊരു നാടാണിത്!
മന്ത്രിക്ക് ഇതെല്ലാം അറിയാമായിരിന്നുവെന്നും തെളിവുണ്ടെന്നും കേസിൽ പ്രതിയായ യുവതി നിരന്തരം വിളിച്ചു കൂവുന്നു. എന്നിട്ടും അവൾക്കെതിരെ മാന നഷ്ടക്കേസ് എടുക്കാത്തതെന്ത് എന്നാണ് യുവതിയുൾപ്പെടെ എല്ലാവരും വെല്ലു വിളിക്കുന്നത് . എന്നിട്ടോ...?
എന്തൊരു നാടാണിത്!
8. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ആരോ മൂന്നു വട്ടം പരിശോധിച്ചിരിക്കുന്നു എന്നാണ് ഫോറെൻസിക് വകുപ്പിന്റെ റിപ്പോർട്ട്. അതൊരു വിവോ ഫോണിലിട്ടെന്നും കൂടി അവർ പറയുന്നു. പത്രങ്ങളിലും ചാനലുകളിലും കുറച്ചുകാലമായി ഇതു തന്നെയാണ് മുഖ്യ വിതരണം, ഭക്ഷണം , ചർവണം. ഇപ്പോഴും തകൃതിയായി നടക്കുകയാണ് അന്വേഷണം. ആരാണത് തുറന്നതെന്നറിയാൻ പാഞ്ഞു നടക്കുകയാണ് അന്വേഷകർ! പക്ഷേ ഒരു രക്ഷയുമില്ല.
എന്തൊരു നടാണിത്!
9. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു യുവതി / വയോഥികൻ / വിദ്യാർത്ഥി മരിച്ചു എന്നപോലെ ഒരു വാർത്ത ഇല്ലാത്ത ദിവസമില്ല. ആരുടെ കുറ്റം കൊണ്ടാവും സംഭവിക്കുക അത്തരം അപകടങ്ങൾ?
റോഡ് മുറിച്ചു നടക്കുന്ന ആളിന്റെ അശ്രദ്ധയും അജ്ഞതയുമാണ് പ്രധാന കാരണം. റോഡിലൂടെ എങ്ങനെ നടക്കണമെന്നോ എങ്ങനെ റോഡ് മുറിച്ചു കടക്കണമെന്നോ യാതൊരു വിവരവുമില്ല ഇവിടുത്തെ നല്ലൊരു ശതമാനത്തിനും. ചുമ്മാ അങ്ങു പോകുവാണ്. നൂറ് നൂറ്റിയിരുപതേൽ പറന്നു വരുന്ന വണ്ടിയൊക്കെ അവർക്ക് പുല്ലാണ്. നമ്മളെ കണ്ടാൽ വണ്ടി തനിയെ നിന്നോളും. ഇടിച്ചാൽ വണ്ടിക്കു കഷ്ടം എന്നും പറഞ്ഞു ചങ്കെടുത്തു മൊബൈൽ ഫോണിലും മൊബൈൽ ഫോൺ ചെവിയിലും ഒട്ടിച്ചു വെച്ച് ചുമ്മാ നടന്നേക്കും. അതിനിടെ പറന്നു വരുന്ന വണ്ടിക്കാരനെ നോക്കി രണ്ടു തെറിയും പറയും.
എന്തൊരു നാടാണിത്!
10. റോഡ് നിർമ്മാണത്തിലെ അപാകത മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം എത്രയാവും ? കൃത്യം കണക്കില്ല. പക്ഷേ "റോഡിലെ കുഴിയിൽ ബൈക്ക് വീണു യുവാവ് മരിച്ചു", 'ബൈക്ക് ഹമ്പിൽ കയറിയപ്പോൾ തെറിച്ചു വീണു യുവതിക്ക് ദാരുണാന്ത്യം " ' റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു' എന്നൊക്കെ എത്രയോ വാർത്തകൾ ദിനംപ്രതി കേൾക്കുന്നു. എന്നിട്ടോ? പോയവർക്ക് പോയി. അത്ര തന്നെ.. മറ്റു നാടുകളിൽ ആണെങ്കിൽ ആ ദുർഭഗരുടെ ആശ്രിതർക്ക് വൻ തുക നഷ്ട പരിഹാരമായി കിട്ടിയേനെ.
11. കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ല എന്നു നിയുമമുണ്ടിവിടെ. എന്നാലും.'.....കോളേജിൽ എസ് എഫ് ഐ ക്ക് വൻ നേട്ടം, ', കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൊത്തം സീറ്റും കോൺഗ്രസ് തൂത്തു വാരി ' എന്നൊക്കെയാണ് മാധ്യമങ്ങൾ വാർത്ത വിടുന്നത്. എന്തൊരു നാടാണിത്!
12. ഇത്രയ്ക്ക് രാഷ്ട്രീയ മത ഭ്രാന്ത് പിടിച്ച, അന്ധത ബാധിച്ച ഒരു ജനത ലോകത്ത് മറ്റെവിടെയും കാണില്ല. ഇഷ്ടമില്ലാത്ത ഒരു അഭിപ്രായം പറഞ്ഞാൽ കഴുത്തു വെട്ടാൻ വരെ പോകുന്ന ഭ്രാന്ത്. ഇത്രയധികം പാർട്ടികൾ ഉള്ള മറ്റൊരു നാടുമില്ല. അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ രണ്ടോ മൂന്നോ പാർട്ടികൾ ഉള്ളപ്പോൾ ഈ കൊച്ചുനാട്ടിൽ മുപ്പത്താറു പാർട്ടികൾ. എല്ലാം തമ്മിൽ തല്ല് തൊഴിലാക്കിയവർ.
എന്തൊരു നാടാണിത്!
13. അരപ്പിടി അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. അതിന്റെ മുഴുവൻ വീഡിയോ വരെ പുറത്തു വന്നു
വിചാരണ തുടങ്ങാൻ അഞ്ചു വർഷമെടുത്തു. എന്നിട്ടിപ്പോൾ ഭൂരിഭാഗം സാക്ഷികളും കൂറു മാറിക്കൊണ്ടിരിക്കുന്നു.
എന്തൊരു നാടാണിത്.
എന്നാലും, "ഇത്ര മനോഹര നാട് വേറെങ്ങുമില്ല" എന്നു പറഞ്ഞു നമ്മൾ ചുമ്മാ സ്വയം കളിപ്പിച്ചു കൊണ്ടിരിക്കും. മേനി പറഞ്ഞുകൊണ്ടിരിക്കും.
ലോകം കണ്ടവരും ഈ നാടിനെ സ്നേഹിക്കുന്നവ രുമായ അനേകർ, ' ഇത്ര കെട്ട നാട് വേറെങ്ങുമില്ല ' എന്നു വിലപിച്ചുകൊണ്ടുമി രിക്കുന്നു.
കുറിപ്പ്.. ഇതോടൊപ്പം ചേർക്കാൻ നിങ്ങൾക്കും പല സങ്കടങ്ങൾ കാണും. വിലാപക്കുറികൾ കമന്റായി ഇടാൻ അപേക്ഷ. നാടിനെ സ്നേഹിക്കുന്നവർക്ക് നാടിന്റെ നൊമ്പരങ്ങളുടെ നല്ലൊരു ചിത്രം കാണാല്ലോ.
ജോർജ് പുല്ലാട്ട്
22.7.22
Comments
Post a Comment